
"യാ.. അല്ലഹ്........ ഇന്നിനി വയ്യാ",
തന്റെ രണ്ടു കൈകളിലും അമര്‍ന്നിരുന്ന വലിവണ്ടിയുടെ നീണ്ട ദണ്ട്കളുടെ രണ്ടറ്റത്തും താഴോട്ട് തള്ളി നില്‍കുന്ന ചെറിയ രണ്ടു ദണ്ട്കളില്‍ വണ്ടിയുടെ ഭാരത്തെ വഴിയോരത്ത് താങ്ങി നിര്‍ത്താന്‍ അനുവദിച്ചു, മുഖത്ത് കൂടി ഓരോ ചാലു കീറി ഒലിച്ചിറങ്ങുന്ന വിയര്‍പ്പു കണങ്ങളെ തോളില്‍ കിടക്കുന്ന പിഞ്ചി തുടങ്ങിയ തോര്‍ത്ത് കഷ്ണം കൊണ്ട് തുടച്ചു, പിന്നെ തല അല്പം ഉയര്‍ത്തി ചുളിവു വീണ കഴുത്തിലും കഴുത്തിന് താഴെ നരച്ച രോമങ്ങള്‍ ഉള്ള നെഞ്ചിന്റെ തുടക്ക ഭാഗത്തും തോര്‍ത്ത് കൊണ്ട് തൂത്ത് കൊണ്ട് മൊയ്തീന്‍ ആലോചിച്ചു.. അല്ല കുറച്ചു ദിവസം ആയി ഇങ്ങനെ തന്നെ ആണ്..
വിയര്‍പ്പില്‍ കുതിന്ന തോര്‍ത്ത് പിഴിഞ്ഞ് ഒന്ന് കുടഞ്ഞു തോളില്‍ തന്നെ നിക്ഷേപിച്ച ശേഷം, രണ്ടു കൈകളും ഇടുപ്പില്‍ കുത്തി കൂനു പിടിച്ച ശരീരം കൊണ്ട് കഴിയുന്നത്ര നിവര്‍ന്നു നിന്നു. പിന്നെ സാവധാനം അസ്ഥികളിലും, സന്ധികളിലും, മാംസങ്ങളിലും വേദന ചുമക്കുന്ന ആ മെല്ലിച്ച ശരീരത്തെ കൈവണ്ടിയുടെ, യാത്രക്കാരുടെ കാലുകള്‍ക് വിശ്രമിക്കാന്‍ ഒരുക്കിയിരിക്കുന്ന ഇടുങ്ങിയ സ്ഥലത്ത് പരമാവധി ഒടിച്ചു കൂട്ടി നിക്ഷേപിച്ചു.
കാലങ്ങളായി, നീണ്ടു കിടക്കുന്ന ഈ പാതയോരത്ത് ആരുടെയൊക്കെയോ സമയവും പേറി, ആര്കൊക്കെയോ വേണ്ടി തന്റെ കൌമാരവും, യവ്വനവും, കൈവണ്ടിയിലെ ഭാരവും വഹിച്ചു, വിയര്‍ത്തും കിതച്ചും ഓടി തീര്‍ത്തു.. ആ മാംസ പിണ്ടങ്ങളെ സുഭിക്ഷതയുടെ ഒരു മതില്‍കെട്ടിലെ ഇടുങ്ങിയ ഇടനാഴിയില്‍ നിന്നു മറ്റൊന്നിലേക്കു വിയര്‍ത്തും കിതച്ചും ഓടി എത്തിക്കുമ്പോള്‍ തഴമ്പ് പിടിച്ച കൈവെള്ളയിലേക്ക് വച്ച് തരുന്ന ചില്ലി കാശുകള്‍ കൂട്ടിവച്ചു മൊയ്തീന്‍ തന്റെയും കുടുംബത്തിന്റെയും വിശപ്പും ദാഹവും ശമിപ്പിച്ചു..
ചെയ്ത ജോലിക്ക് കൂലി ചോദിക്കുമ്പോള്‍ കണക്കു പറയുന്ന പിശുക്കതരങ്ങള്‍ , സുഭിക്ഷതയുടെ ആ മതിലിനുള്ളില്‍ ധൂര്‍ത്ത് കൊണ്ട് ജീവിതത്തെ ഭോഗിച്ചു മൊയ്തീന്റെ നേരെ കൊഞ്ഞനം കുത്തി കാട്ടിയപ്പോളും, മൊയ്തീന്‍ തന്റെ മടിക്കുത്തിലെ കിലുങ്ങുന്ന ചെറിയ തുണികെട്ടു എണ്ണി തിട്ടപെടുത്തി ഭദ്രമായി സൂക്ഷിച്ചു. . കൌമാരത്തിന്റെ അവസാനം യവ്വനതിന്റെ ആരംഭത്തില്‍ ഒരു മുരള്‍ച്ചയോടെ പതിയെ പതിയെ നിരത്തുകളെ കയ്യടക്കാന്‍ തുടങ്ങിയിരുന്ന യന്ത്രവല്‍കൃത വാഹനങ്ങളെയും മൊയ്തീന്റെ കാലുകള്‍ അതിജീവിച്ചു.
അവസാനം പ്രായം മോയ്തീനെകാളും വേഗത്തില്‍ ഓടാന്‍ തുടങ്ങി. പ്രായത്തെ ഓടിതോല്പിച്ചതിനു അത് പതിയെ പതിയെ കണക്കു ചോദിച്ചു, വാര്‍ധിക്യം ഒരു കോമാളി വേഷം കെട്ടി വേദനയുടെയും, പരവേശതിന്റെയും, അസ്വസ്ഥതകളുടെയും രൂപത്തില്‍ മൊയ്തീന് മുന്നില്‍ പല്ലുകള്‍ കൊഴിഞ്ഞു തുടങ്ങിയ മോണ കാട്ടി ചിരിച്ചു.

തന്റെ തന്നെ വണ്ടിയില്‍ ചുരുണ്ട് കിടന്ന മൊയ്തീന്‍ ഒന്ന് തല പൊക്കി നോക്കി, ഒന്ന് നിവര്‍ന്നിരുന്നു .. അവസാനം വീണ്ടും കിടന്നു.. കുഴിഞ്ഞ കണ്ണുകളില്‍ തളര്‍ന്ന കൃഷ്ണമണികളെ കിടത്തി ..............
പാവം മൊയ്തീന് തന്നെ തോന്നി കാണും
ആ... ഒടുക്കം പ്രായം ഓടി തോല്പിചിരിക്കുന്നു.
No comments:
Post a Comment